O J Janeesh| യൂണിഫോം ഇട്ടുകഴിഞ്ഞാല്‍ റൂറല്‍ എസ്.പി.ക്ക് കലിപ്പ്; പിള്ളേരെ പോലും തടഞ്ഞുനിര്‍ത്തും; ഫ്രഷ്‌കട്ട് സമരം അടിച്ചമര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നും ഒ ജെ ജെനീഷ്

Jaihind News Bureau
Tuesday, November 4, 2025

 

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് പ്രതികാര നടപടികള്‍ തുടരുകയാണെന്നും സമരങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജെനീഷ്. വി.പി. ദുല്‍ഖിഫിലിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും പൊലീസ് നടപടിക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രഷ് കട്ട് സമരത്തില്‍ ഇതേ പൊലീസ് മേധാവി കടന്നു ചെന്നപ്പോഴാണ് ക്രൂരമായ അക്രമം നടന്നത്. ഫ്രഷ് കട്ടിനെതിരെ നടക്കുന്നത് ന്യായമായ സമരമാണെന്നും ഒ ജെ ജനീഷ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ പോലും പൊലീസ് അതിക്രമം ഉണ്ടാകുന്നു. കുട്ടികളെ പോലും വഴിയില്‍ തടഞ്ഞു നിര്‍ത്തുകയാണ് പൊലീസ്. എസ്.പി. ബൈജുവിന് പരിക്കേറ്റത് ജനങ്ങള്‍ അക്രമം നടത്തിയിട്ടല്ല. സ്‌ട്രെക്ചര്‍ മുഖത്തു കൊണ്ടാണ് പരിക്ക് സംഭവിച്ചത്. യൂണിഫോം ധരിക്കുമ്പോള്‍ എതിരില്‍ കാണുന്ന ജനങ്ങളെ റൂറല്‍ എസ്.പി ശത്രുക്കളായി കാണുന്നുവെന്നും നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ജനീഷ് ചൂണ്ടിക്കാട്ടി. ജനങ്ങളെ വേട്ടയാടാന്‍ ഐ.ജിയും ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ ഡിവൈഎഫ്‌ഐ ഇപ്പോള്‍ രക്തസാക്ഷിയായി കാണുന്നതിലെ വൈരുധ്യവും ജെനീഷ് ചൂണ്ടിക്കാട്ടി. ഷെറിനൊപ്പമുള്ള ഫോട്ടോ പുറത്തുവന്നപ്പോള്‍ കെ.കെ. ശൈലജ ടീച്ചര്‍ അതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.