53-ഓളം കേസുകളിലെ പ്രതി; ഗുണ്ടാ നേതാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടന്നു കളഞ്ഞു; തൃശ്ശൂരില്‍ വ്യാപക തിരച്ചില്‍

Jaihind News Bureau
Tuesday, November 4, 2025

തൃശ്ശൂര്‍: കേരളത്തെയും തമിഴ്‌നാടിനെയും വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവായ ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കൊലപാതകവും മോഷണവും ഉള്‍പ്പെടെ 53-ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുവേണ്ടി തൃശ്ശൂര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.

തമിഴ്‌നാട് സ്വദേശിയായ ബാലമുരുകന്‍ തമിഴ്നാട്ടിലെ തെങ്കാശിയില്‍ തെളിവെടുപ്പിനായി പോയശേഷം വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പില്‍ വെച്ച് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജയിലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പ്രതിയുടെ കൈവിലങ്ങ് ഊരിമാറ്റിയ തക്കത്തിലാണ് ബാലമുരുകന്‍ അവസരം മുതലെടുത്തത്. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ കൊണ്ടുവന്നത്.

രക്ഷപ്പെട്ട ബാലമുരുകന്‍ ഇപ്പോള്‍ വെളുത്ത ഷര്‍ട്ടും കള്ളി ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്. വേഷം മാറുന്നതില്‍ അസാമാന്യ വൈദഗ്ദ്ധ്യമുള്ള ഇയാള്‍ വിദഗ്ധമായി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി കൊലപാതകങ്ങള്‍, മോഷണങ്ങള്‍, ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടെ 53 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. 2023 സെപ്റ്റംബര്‍ 24 മുതല്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് മുമ്പും ജയില്‍ ചാടിയ ചരിത്രമുണ്ട്. കഴിഞ്ഞ വര്‍ഷവും വിയ്യൂര്‍ ജയിലിന് മുന്നില്‍ നിന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ ഒരു സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

ബാലമുരുകന്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ പ്രത്യേക സംഘം, തമിഴ്‌നാട് പൊലീസ് എന്നിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്. നഗരത്തിലെ എല്ലാ പ്രധാന കവലകളിലും പരിശോധന കര്‍ശനമാക്കി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.