Bihar Elections| ബിഹാര്‍: പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം; ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

Jaihind News Bureau
Tuesday, November 4, 2025

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് സമാപിക്കും. പട്‌ന ഉള്‍പ്പെടെ 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളാണ് മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തുന്നത്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിര്‍ണ്ണായകമാണ്. 2020 ലെ തിരഞ്ഞെടുപ്പില്‍ 61 സീറ്റുകള്‍ മഹാസഖ്യം നേടിയിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്ത് മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. പ്രചാരണ തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പിയും ബിഹാറില്‍ സജീവമാണ്.

ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വരുത്തിയ തീവ്ര പരിഷ്‌കരണത്തിനെതിരായ നിര്‍ണ്ണായക ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച കോടതിയുടെ നിലപാട് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

പട്‌ന, നളന്ദ, ഭോജ്പൂര്‍, ബക്‌സര്‍, കൈമൂര്‍, റോഹ്താസ് തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. എന്‍.ഡി.എ.യും മഹാസഖ്യവും തമ്മില്‍ നേരിട്ടുള്ള വാശിയേറിയ പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.