
കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കം. കേരളത്തിനുപുറമെ തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ ആരംഭിക്കുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐആര്‍ ആരംഭിക്കുന്നത്. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിനെ എസ്‌ഐആറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പൗരത്വ പരിശോധനാ പ്രക്രിയ നടന്നു വരുന്നതിനാലാണ് തീരുമാനം. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്.
ബൂത്തുതല ഓഫീസര്‍മാര്‍ (BLO) ഇന്നുമുതല്‍ വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബിഎല്‍ഒമാര്‍ ഫോം വിതരണം ചെയ്യുക. വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഈ ഫോം, 2003-ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് തങ്ങളുടെ പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ പട്ടികയില്‍ ഉണ്ടെങ്കില്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. കേരളത്തില്‍, ഇതിനുമുമ്പ് എസ്‌ഐആര്‍ നടന്ന 2002-ലെ വോട്ടര്‍ പട്ടികയാണ് ഇപ്പോഴത്തെ പരിഷ്‌കരണത്തിനായി ആധാരമാക്കുന്നത്.
2002-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ടവകാശം പുനഃസ്ഥാപിക്കണമെങ്കില്‍, ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന 12 രേഖകളില്‍ ഒന്ന് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ നാലുവരെയാണ് നടക്കുക. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസക്കാലം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാന്‍ അവസരമുണ്ടാകും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെ 51 കോടി വോട്ടര്‍മാരാണുള്ളത്.