RAHUL GANDHI| ‘ഇന്ത്യന്‍ വനിതകളെ നിര്‍ഭയമായി സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ചു’; ഇത് അഭിമാന നിമിഷമെന്നും രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, November 3, 2025

ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍ ഉയര്‍ത്തിയത് വെറും ട്രോഫിയല്ല, രാജ്യത്തിന്റെ ആത്മാവിനെയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീലക്കുപ്പായമണിഞ്ഞെത്തിയ വനിതകള്‍ ചരിത്രം സൃഷ്ടിച്ചു. കോടിക്കണക്കിന് ഹൃദയങ്ങളെ സ്പര്‍ശിച്ചു. എണ്ണമറ്റ പെണ്‍കുട്ടികളെ നിര്‍ഭയമായി സ്വപ്നം കാണാന്‍ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അഭിമാന നിമിഷമാണെന്നും ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ വനിതകള്‍ ലോകത്തിന്റെ നെറുകയില്‍. ഏകദിന വനിത ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കന്നി കിരീടം ചൂടി ചരിത്രമെഴുതി. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകളുടെ പുതുയുഗ പിറവി. സ്വപ്നം സാക്ഷാത്കരിച്ച ഇന്ത്യന്‍ പെണ്‍ പുലികള്‍ ലോകകപ്പ് കിരീടത്തില്‍ കന്നി മുത്തമിട്ടു. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 45.3 ഓവറില്‍ 246 റണ്‍സിന് തകര്‍ത്ത് വിട്ടാണ് ഇന്ത്യന്‍ വനികകള്‍ സിങ്കമായത.് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എടുത്തു . 87 റണ്‍സെടുത്ത ഷഫാലി വര്‍മയും 58 റണ്‍സ് നേടിയ ദീപ്തി ശര്‍മയും 45 റണ്‍സ് കൂട്ടിചേര്‍ത്ത സ്മൃതി മന്ദാനയും ഇന്ത്യന്‍ ഇന്നിങ്ങ്സിന് കരുത്തായി.