
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിന് വേണ്ടി ‘നാടകം കളിക്കുകയാണെന്നും’ തിരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിഹാറിലെ ബെഗുസരായിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദി ശ്രദ്ധിക്കുന്നത് ജനങ്ങളെ അല്ല. തിരഞ്ഞെടുപ്പ് ദിവസം വരെ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ചെയ്യുമെന്ന് പറയും. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബിഹാറിലേക്ക് വരുന്നില്ല, അദ്ദേഹത്തിന്റെ യോഗയും നൃത്തവുമെല്ലാം അദാനിയ്ക്കും അംബാനിക്കും വേണ്ടിയാണ് ; രാഹുല്‍ ഗാന്ധി പറഞ്ഞു.
ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ മോദി സര്‍ക്കാരിന്റെ എല്ലാ പ്രധാന തീരുമാനങ്ങളും ‘ചെറുകിട വ്യവസായങ്ങളെ നശിപ്പിക്കാനും വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണെന്ന്’ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഫോണുകളിലും ടി-ഷര്‍ട്ടുകളിലും കാണുന്ന ‘മെയ്ഡ് ഇന്‍ ചൈന’ ലേബലുകള്‍ക്ക് പകരം ‘മെയ്ഡ് ഇന്‍ ബിഹാര്‍’ എന്ന് മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ബീഹാറിലെ ജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ അവര്‍ കഠിനാധ്വാനം ചെയ്യുകയും ആ സംസ്ഥാനങ്ങളുടെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. ബീഹാറിലെ ജനങ്ങള്‍ക്ക് അവരുടെ രക്തവും വിയര്‍പ്പും ഉപയോഗിച്ച് ദുബായ് പോലുള്ള ഒരു നഗരം നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് അവര്‍ക്ക് പുതിയ ബീഹാര്‍ നിര്‍മ്മിക്കാന്‍ കഴിയില്ല? ഇത് സംഭവിക്കാന്‍ കഴിയാത്തത് ഇവിടുത്തെ ബിജെപി-ജെഡിയു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവസരം നല്‍കാത്തതുകൊണ്ടാണ്.
നളന്ദ പോലുള്ള മികച്ച സര്‍വകലാശാലകളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. പക്ഷേ ഇവിടുത്തെ സര്‍ക്കാര്‍ എല്ലാം നശിപ്പിച്ചു. പേപ്പര്‍ ചോര്‍ച്ച ബീഹാര്‍ യുവാക്കളുടെ ഭാവി നശിപ്പിച്ചു. നളന്ദ സര്‍വ്വകലാശാലയുടെ മാതൃകയില്‍ ബിഹാറിലെ ജനങ്ങള്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി ഒരു സര്‍വ്വകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബിഹാറില്‍ 243 നിയമസഭാ സീറ്റുകളലേയ്ക്ക് നവംബര്‍ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ഫലം നവംബര്‍ 14-ന് പ്രഖ്യാപിക്കും.