Bihar Election 2025 | ദുലാര്‍ചന്ദ് യാദവ് കൊലക്കേസ്: ജെഡിയു സ്ഥാര്‍നാര്‍ത്ഥി അനന്ത് സിംഗ് അറസ്റ്റില്‍; ബിഹാര്‍ ‘മഹാ ജംഗിള്‍ രാജ്’ ആയെന്ന് തേജസ്വി യാദവ്

Jaihind News Bureau
Sunday, November 2, 2025

പാറ്റ്ന: ജനസൂരാജ് പ്രവര്‍ത്തകന്‍ ദുലാര്‍ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയുവിന്റെ മൊകാമ സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ അനന്ത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ പാറ്റ്ന എസ്എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിംഗിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മൊകാമയില്‍ വെച്ച് ദുലാര്‍ചന്ദ് യാദവ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അറസ്റ്റ്. യാദവിന്റെ സംഘവും സിംഗിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് യാദവ് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് സിംഗിനെ ചോദ്യം ചെയ്യലിനായി പാറ്റ്നയിലേക്ക് കൊണ്ടുവന്നു.

അനന്ത് സിംഗിന്റെ അറസ്റ്റിന് പിന്നാലെ, സംസ്ഥാനത്ത് ‘മഹാ ജംഗിള്‍ രാജ്’ ആണെന്ന് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് പരിഹസിച്ചു. ആര്‍ജെഡിയുടെ 15 വര്‍ഷത്തെ ഭരണകാലത്തിനു ശേഷം ക്രമസമാധാനനിലയിലുണ്ടായ അവസ്ഥയാണിത് . വെടിവെപ്പില്ലാത്ത ഒരു ദിവസം പോലുമില്ല. ഒരു ‘മഹാ ജംഗിള്‍ രാജ്’ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു,’ തേജസ്വിയാദവ് പറഞ്ഞു. മഹാസഖ്യം നവംബര്‍ 14-ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നവംബര്‍ 18-ന് അധികാരമേല്‍ക്കുമെന്നും 2026 ജനുവരി 26-ഓടെ എല്ലാ കുറ്റവാളികളെയും ജയിലില്‍ അടക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അനന്ത് സിംഗ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. സംഭവസമയത്ത് സിംഗിനൊപ്പം സ്ഥലത്തുണ്ടായിരുന്ന മണികാന്ത് താക്കൂര്‍, രഞ്ജിത് റാം എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും ബീഹാര്‍ രാഷ്ട്രീയത്തില്‍ ഒരു നീണ്ട ചരിത്രമുള്ള വിവാദനായകനായ അനന്ത് സിംഗിന്റെ അറസ്റ്റ് മൊകാമ മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ അറസ്റ്റ് മേഖലയിലെ രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

243 നിയമസഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ നവംബര്‍ 6-ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം നവംബര്‍ 11-നും ഫലം നവംബര്‍ 14-നും പ്രഖ്യാപിക്കും.