
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം, പ്രഖ്യാപനത്തിലെ വേഗതയും മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനോടുള്ള സമീപനവും കൊണ്ട് ചര്‍ച്ചയാവുകയാണ്. ഒരുവശത്ത് മലയാള സിനിമയ്ക്ക് ആഗോള പ്രശസ്തി നേടിക്കൊടുത്ത റസൂല്‍ പൂക്കുട്ടിയെപ്പോലൊരു വ്യക്തിയുടെ വരവ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, മറുവശത്ത് ഈ അഴിച്ചുപണി ചോദ്യങ്ങളുയര്‍ത്തുകയും ചില അതൃപ്തികള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ഭരണസമിതിയുടെ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെ, റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് മുന്‍ വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ വിട്ടുനിന്നത് അദ്ദേഹത്തിന്റെ അതൃപ്തി വ്യക്തമാക്കുന്നു. കാലാവധി കഴിഞ്ഞിരുന്നെങ്കിലും, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടക്കാനിരിക്കെ ഒരു അറിയിപ്പ് പോലും നല്‍കാതെയുള്ള ഈ മാറ്റം പ്രേംകുമാറിന ഓര്‍ക്കാപ്പുറത്തായിരിന്നു. അടുത്ത മാസം നടക്കേണ്ട ഐ.എഫ്.എഫ്.കെ യുടെ അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചത്, ഈ മാറ്റത്തിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ ഉണ്ടോ എന്ന സംശയമുയര്‍ത്തുന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാര്‍ പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിനു കാരണമെന്ന സൂചനയും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളും നടപടിക്രമങ്ങളുമുണ്ട്. പ്രത്യേകിച്ച്, ഒരു പ്രധാന ചലച്ചിത്രോത്സവത്തിനും അവാര്‍ഡ് പ്രഖ്യാപനത്തിനും തൊട്ടുമുമ്പ് ഇത്തരമൊരു മാറ്റം വരുത്തുന്നത്, അത് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സംവിധായകന്‍ രഞ്ജിത് രാജിവച്ചതോടെയാണ് പ്രേംകുമാറിനെ ചെയര്‍മാന്റെ അധിക ചുമതല കൂടി നല്‍കിയത് .
റസൂല്‍ പൂക്കുട്ടിയുടെ വരവ്: പ്രതീക്ഷകളും വെല്ലുവിളികളും
റസൂല്‍ പൂക്കുട്ടിയെപ്പോലെ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വ്യക്തി ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വരുന്നത് തീര്‍ച്ചയായും അഭിമാനകരമാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കാഴ്ചപ്പാടുകളും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം നല്‍കിയേക്കാം. എന്നാല്‍, ഈ ‘അപ്രതീക്ഷിത’ മാറ്റം ഉണ്ടാക്കിയ
രാഷ്ട്രീയ പ്രതിദ്ധ്വനികള്‍ കുറച്ചു കാലത്തു കൂടി നിലനില്‍ക്കും. അതുകൂടാതെ, രാഷ്ട്രീയമായി അഭിപ്രായം പറയുന്ന കലാകാരന്മാരെ ഇടതു സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നു എന്നത് അദ്ദേഹത്തിനും കൂടിയുള്ള മുന്നറിയിപ്പായും കണക്കാക്കാം. സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് വ്യക്തിത്വമുള്ള ഒരു കലാകാരനും അംഗീകരിക്കാനിടയില്ല. പ്ര്‌ത്യേകിട്ട് റസൂല്‍ പൂക്കുട്ടിയെ പോലുള്ള വ്യക്തിത്വങ്ങള്‍ പലപ്പോഴും രാഷ്ട്ട്രീയ വിഷയങ്ങളോടും പ്രതികരിച്ചിട്ടുണ്ട്. അത് ഇനിയുള്ള ദിവസങ്ങളില്‍ പരീക്ഷിക്കപ്പെടുമെന്നത് സുവ്യക്തവുമാണ്. ഏതായാലും അസ്വാരസ്യങ്ങളെ മറികടന്ന്, അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിയട്ടെ, ഐ.എഫ്.എഫ്.കെ സുഗമമാകട്ടെ. അവാര്‍ഡ് പ്രഖ്യാപനം നന്നായി നടക്കട്ടെ…