
വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗസ് സമ്മാനദാനച്ചടങ്ങില്‍ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. മത്സരത്തില്‍ ഇന്ത്യയെ 339 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സഹായിച്ച ശേഷം, വിജയത്തിന് യേശുവിനോട് നന്ദി പറഞ്ഞതിലാണ് ബിജെപി നേതാവും നടിയുമായ കസ്തൂരി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിജയത്തിനുശേഷം ഒരു താരം ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നിലെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. ‘യേശുവിന് പകരം ജയ് ശ്രീരാം എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു?’ എന്നും കസ്തൂരി എക്‌സ് പോസ്റ്റില്‍ ചോദിച്ചു. ഹിന്ദുക്കളുടെ വികാരപ്രകടനമാണെങ്കില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും താന്‍ കപട മതേതര വാദിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരശേഷം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജമീമ, സെഞ്ച്വറിയെക്കുറിച്ച് സംസാരിക്കവേയാണ് തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും ബൈബിളിലെ ‘തളരാതെ പിടച്ചു നില്‍ക്കു, ദൈവം നിനക്ക് വേണ്ടി പോരാടുമെന്ന’ വാചകമാണ് തനിക്ക് തുണയായതെന്നും പറഞ്ഞത്. വ്യക്തിഗത നേട്ടത്തേക്കാള്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജമീമ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലുടനീളം താന്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി രൂക്ഷവിമര്‍ശനമുന്നയിച്ചത്.