KPCC| ‘തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സര്‍ക്കാരിനെതിരെ തുടര്‍സമര പരിപാടികളും’; കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന്

Jaihind News Bureau
Saturday, November 1, 2025

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം. കെപിസിസി ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. സർക്കാരിനെതിരെയുള്ള തുടർ സമരപരിപാടികൾക്കും യോഗം രൂപം നൽകും. കേരളത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനും സംഘടനാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി കഴിഞ്ഞദിവസം കോർ കമ്മിറ്റിയെ എഐസിസി നിയോഗിച്ചിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എ ഐസി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൺവീനർ ആയ കോർ കമ്മിറ്റിയിൽ ഏകെ ആൻ്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളടക്കം 17 പേരാണുള്ളത്.

കേരളത്തിന്റെ വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരിക്കും പ്രധാനമായും യോഗം ചേരുക. ശബരിമല സ്വര്‍ണക്കൊള്ളയും അതിദരിദ്ര നിര്‍മാര്‍ജനമെന്ന പൊള്ളയായ വാദവുമൊക്കെ കേരളത്തില്‍ അലയടിക്കുമ്പോള്‍ സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമരപരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസിന് പുതു ചൈതന്യം നല്‍കാനുള്ള ആദ്യ പടിയായികൂടി ഇന്നത്തെ യോഗത്തെ വിലയിരുത്താം.