
ഇന്ന് കേരളപ്പിറവി ദിനത്തില്‍ ആശ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പ്രതിജ്ഞാ റാലി നടത്തും. ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് അവസാനിപ്പിച്ച രാപ്പകല്‍ സമരത്തിന് ശേഷമാണ് ഈ റാലി. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് റാലി ഉദ്ഘാടനം ചെയ്യും. ആവശ്യപ്പെട്ട ഓണറേറിയം (21,000 രൂപ), വിരമിക്കല്‍ ആനുകൂല്യം (5 ലക്ഷം രൂപ) എന്നിവ അനുവദിക്കുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് ആശമാരുടെ തീരുമാനം. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേതാക്കള്‍ സമര പ്രതിജ്ഞയില്‍ പങ്കുചേരും. കൂടാതെ, സമരത്തിന്റെ ഒന്നാം വാര്‍ഷികമായ 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
266 ദിവസങ്ങളായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശമാരെ സര്‍ക്കാര്‍ നിരന്തരം അവഗണിച്ചും അധിക്ഷേപ പ്രസ്താവനകള്‍ നടത്തിയും അപമാനിക്കാന്‍ ശ്രമിച്ചത് കേരളക്കര സാക്ഷ്യം വഹിച്ചതാണ്. ഒടുവില്‍ തുച്ഛമായ വര്‍ദ്ധനവ് മാത്രം നല്കി വീണ്ടും അപമാനിക്കാന്‍ ശ്രമിച്ചു. ചെറിയ വര്‍ദ്ധനവ് ആണെങ്കിലും തുടര്‍ച്ചയായ അപമാനങ്ങള്‍ക്കിടയിലും സമരം ചെയ്ത് നേടിയെടുത്ത ആ നേട്ടത്തിന് പോലും ക്രെഡിറ്റ് അടിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനയായ സിഐടിയു എത്തിയിരുന്നു. ഏറ്റവും വലിയ ആക്ഷേപങ്ങള്‍ നിരത്തി ആശമാരെ പരിഹസിക്കാന്‍ മുന്നിലുണ്ടായിരുന്നത് ഇതേ സംഘടനയായിരുന്നു. എന്തായാലും ഇനി ‘ഇടതിനെതിരെ മുന്നോട്ട്’ എന്ന പ്രചരണവുമായി പ്രാദേശിക തലത്തിലിറങ്ങുകയാണ് ആശമാര്‍.