NIYAMASABHA| വിവാദക്കൊടുങ്കാറ്റില്‍ ഇന്ന് നിയമസഭ സമ്മേളനം; നടപടിക്രമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

Jaihind News Bureau
Saturday, November 1, 2025

നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ചട്ടം 300 അനുസരിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഏക അജണ്ട. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും.അതി ദാരിദ്ര്യ മുക്ത കേരളം പദ്ധതി അടക്കം സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പിആര്‍ വികസന നേട്ടങ്ങളും മുഖ്യമന്ത്രി സഭയില്‍ നിരത്തും.ശനിയാഴ്ച സഭാ സമ്മേളനം ചേരുന്നത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി.അനില്‍കുമാര്‍ എം.എല്‍.എയാണ് ചട്ടലംഘനം ആരോപിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ചട്ടലംഘനം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിസഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അലയടിക്കും.

കേരളം അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ പാതയിലാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ പൊള്ളയായ വാദം പ്രഖ്യാപിക്കാന്‍ കൂടിയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. 60,000 ത്തിലധികം കുടുംബങ്ങളെ അതിദരിദ്ര രേഖയില്‍ നിന്ന് പുറത്തെത്തിച്ചുവെന്ന സര്‍ക്കാരിന്റെ വീമ്പു പറച്ചിലിനെതിരെ വിധഗ്ദര്‍ രംഗത്ത് വന്നിരുന്നു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനമെന്ന് സ്രര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് നിരവധി കോണുകളില്‍ നിന്നാണ് പ്രതിഷേധം ഉയരുന്നത്.