Tribute to Indira Gandhi| ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകളില്‍ രാജ്യം: നാല്‍പ്പത്തിയൊന്നാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ പ്രണാമം അര്‍പ്പിച്ച് രാജ്യം

Jaihind News Bureau
Friday, October 31, 2025

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ധീരയായ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ രാജ്യം ഇന്ന് ആദരവോടെ സ്മരിക്കുന്നു. ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിരൂപമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവിതം രാജ്യസേവനത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായിരുന്നു.

ന്യൂഡല്‍ഹിയിലെ ശക്തിസ്ഥലില്‍ നടന്ന അനുസ്മരണ ചടങ്ങുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ദിരാഗാന്ധിയുടെ പാരമ്പര്യം തലമുറകള്‍ക്ക് എന്നും പ്രചോദനമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

മുത്തശ്ശിയുടെ അദമ്യമായ ഇച്ഛാശക്തിയെ അനുസ്മരിച്ച രാഹുല്‍ ഗാന്ധി, ‘നിര്‍ഭയമായ നേതൃത്വത്തിന്റെയും അഗാധമായ അനുകമ്പയുടെയും ഇന്ത്യയിലെ ജനങ്ങളോടുള്ള കടപ്പാടുകളുടേയും പ്രതീകമാണ് ഇന്ദിരാജി എന്ന് വിശേഷിപ്പിച്ചു. സോണിയാ ഗാന്ധിയും ഇന്ദിരാഗാന്ധിയുടെ അസാധാരണ ധൈര്യത്തെയും ദീര്‍ഘവീക്ഷണത്തെയും അനുസ്മരിച്ചു.

അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിലൂടെയാണ് ഇന്ദിരാജി ലോകമെമ്പാടും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത്. 1971-ലെ ബംഗ്ലാദേശ് വിമോചനം മുതല്‍ ഹരിതവിപ്ലവവും ആണവ സ്വയംപര്യാപ്തതയും വരെ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോളതലത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തി.

‘ഇന്ന് ഞാനിവിടെ ഉണ്ട്, നാളെ ഞാന്‍ ഇല്ലായിരിക്കാം… എന്റെ അവസാന ശ്വാസം വരെ ഞാന്‍ സേവനം തുടരും, ഞാന്‍ മരിക്കുമ്പോള്‍, എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തിപ്പെടുത്തുകയും ഐക്യ ഇന്ത്യയെ നിലനിര്‍ത്തുകയും ചെയ്യും,’ ഇന്ദിരാഗാന്ധിയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേറ ഉദ്ധരിച്ചു.ഇന്ദിരാഗാന്ധി തന്റെ ജീവിതത്തിലും മരണത്തിലും ആ വാഗ്ദാനം നിറവേറ്റി എന്ന് ഖേറ പറഞ്ഞു.

കൊടുങ്കാറ്റുകളെ അതിജീവിച്ച, ധൈര്യം തിരഞ്ഞെടുത്ത്, രാജ്യത്തിനായി സ്വയം സമര്‍പ്പിച്ച ഒരു നേതാവായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് രാജ്യം മുന്നോട്ട് പോകുമ്പോള്‍, ധീരതയുടെയും അനുകമ്പയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി അവര്‍ എന്നും നിലനില്‍ക്കും. ‘ഇന്ത്യക്ക് വേണ്ടി ജീവിച്ച, ഇന്ത്യക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ’ ഒരു നേതാവായി ഇന്ദിരാഗാന്ധി എന്നും സ്മരിക്കപ്പെടും.