
സെക്രട്ടറിയേറ്റ് പടിക്കല്‍ 265 ദിവസമായി തുടര്‍ന്നുവന്ന രാപ്പകല്‍ സമരം ആശാ പ്രവര്‍ത്തകര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപനം നടത്തും. സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് സമരം പിന്‍വലിക്കുന്ന ആശാ പ്രവര്‍ത്തകര്‍, ഇനി ജില്ലാ തലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ രാപ്പകല്‍ സമരം ആശാ പ്രവര്‍ത്തകരുടെ സമരചരിത്രത്തിലെ ഒരു ഐതിഹാസിക ഏടായാണ് വിലയിരുത്തപ്പെടുന്നത്.
ആശാ പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം ഓണറേറിയം 7,000 രൂപയില്‍ നിന്ന് 21,000 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓണറേറിയം 1,000 രൂപ വര്‍ദ്ധിപ്പിച്ച് 8,000 രൂപയാക്കി. ഈ വര്‍ദ്ധനവ് തങ്ങളുടെ നീണ്ട സമരത്തിന്റെ ഫലമായാണെന്ന് ആശാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കാതിരുന്നിട്ടും, ഇപ്പോള്‍ ഈ ചെറിയ വര്‍ദ്ധനവെങ്കിലും ഉണ്ടായത് സമരത്തിന്റെ വിജയമായാണ് ആശാമാര്‍ കണക്കാക്കുന്നത്.
ഓണറേറിയം വര്‍ദ്ധനവിന്റെ ക്രെഡിറ്റ് നേടിയെടുക്കാന്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍, പ്രത്യേകിച്ച് സിഐടിയു അനുകൂല ആശാ പ്രവര്‍ത്തകര്‍, ശ്രമിക്കുന്നതാണ് നിലവിലെ പ്രധാന തര്‍ക്കവിഷയം. സിഐടിയു അനുകൂലികള്‍ വര്‍ദ്ധനവിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, രാപ്പകല്‍ സമരം നടത്തിയ സമരസമിതി നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ വിജയദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ, തങ്ങളെ അവഗണിച്ചവര്‍ക്കെതിരെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് വീടുകള്‍ കയറിയുള്ള ക്യാമ്പയിന് ആരംഭിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ക്രെഡിറ്റിനായുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലെ സമരസമിതിയുടെ ഈ നിര്‍ണ്ണായക നീക്കം ശ്രദ്ധേയമാണ്.