Priyanka Gandhi| ‘ഓരോ സ്ത്രീയും സ്വന്തം കരുത്ത് തിരിച്ചറിയണം’; വയനാട്ടിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, October 30, 2025

വയനാട്: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി എം.പി. പ്രാദേശിക വികസന ഫണ്ടും, ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ വികസന പദ്ധതികളും, കുടുംബശ്രീ വാര്‍ഷികാഘോഷവുമാണ് പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് എം.പി. വയനാട് ജില്ലയിലെത്തിയത്.

വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറയിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പരിപാടി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ 27-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിയങ്ക, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്. ഉദ്ഘാടന പ്രസംഗത്തില്‍ ഓരോ സ്ത്രീയും സ്വന്തം കരുത്ത് തിരിച്ചറിയണമെന്ന് പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.

തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ പരിപാടികളില്‍ എം.പി. പങ്കെടുത്തു. പിലാക്കാവ് അടിവാരം ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ പുതിയ ബ്ലോക്കും മാനന്തവാടി മുനിസിപ്പാലിറ്റി ഓഫീസും പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍ മാനന്തവാടി നഗരസഭയുടെ ഇടപെടല്‍ മാതൃകാപരമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു.

മാനന്തവാടിയിലെ പരിപാടിക്ക് ശേഷം പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എം.പി. നിര്‍വഹിച്ചു. കൊളവള്ളി അംഗന്‍വാടി ശിലാസ്ഥാപനം, അതിരാറ്റുകുന്ന് ജി.എച്ച്.എസ്.എസ്സിലെ മോഡേണ്‍ ലൈബ്രറിയുടെ ശിലാസ്ഥാപനം എന്നിവയും എം.പി. നിര്‍വഹിച്ചു. തുടര്‍ന്ന് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മവും പ്രിയങ്കാ ഗാന്ധി നിര്‍വഹിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് വനംവകുപ്പ് ആര്‍.ആര്‍.ടി. ടീമിനായി വാങ്ങിയ അത്യാധുനിക സൗകര്യമുള്ള വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച പ്രിയങ്ക കല്‍പ്പറ്റ നഗരസഭയില്‍ 80 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ഓഫീസും, പുതിയ ബ്ലോക്കും ഉദ്ഘാടനം ചെയ്തു. മീനങ്ങാടിയില്‍ ഗാന്ധിപ്രതിമയുടെ അനാഛാദനവും നിര്‍വഹിച്ച ശേഷമാണ് പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ നിന്നും യാത്ര തിരിച്ചത്.