
വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ, കരുത്തരായ ഓസ്ട്രേലിയയെ നേരിടാന്‍ ഇറങ്ങുകയാണ്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന് തട്ടകത്തിന്റെ ആനുകൂല്യമുണ്ടെങ്കിലും ഓസീസിനെ വീഴ്ത്തുക എളുപ്പമാവില്ല. ലീഗ് ഘട്ടത്തില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി സീറ്റ് ഉറപ്പിച്ചത്. പ്രധാന ഓപ്പണറായ പ്രതിക റാവലിന് പരിക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. പകരം വെടിക്കെട്ട് താരമായ ഷഫാലി വര്‍മ സ്മൃതി മന്ദാനക്കൊപ്പം ഓപ്പണ്‍ ചെയ്യും. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച തുടക്കം ആവര്‍ത്തിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. സ്മൃതി മന്ദാന മികച്ച ഫോമിലാണെങ്കിലും, മൂന്നാം നമ്പറില്‍ ഹര്‍ലീന്‍ ഡിയോളിന്റെ സ്ഥിരതയില്ലായ്മയും നായിക ഹര്‍മന്‍പ്രീത് കൗര്‍ ഫോമിലേക്ക് ഉയരാത്തതും ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
നേര്‍ക്കുനേര്‍ കണക്കുകളിലും ഐ.സി.സി ടൂര്‍ണമെന്റുകളിലും ഓസ്ട്രേലിയക്ക് ഇന്ത്യയെക്കാള്‍ വലിയ ആധിപത്യമുണ്ട്. 60 ഏകദിനങ്ങളില്‍ 49 മത്സരങ്ങളിലും ജയം ഓസ്ട്രേലിയക്കായിരുന്നു. ലീഗ് ഘട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റതിന്റെ ആത്മവിശ്വാസം കംഗാരുക്കള്‍ക്കുണ്ടാവും. ഈ കടുപ്പമേറിയ വെല്ലുവിളികളെയെല്ലാം മറികടന്ന്, മികച്ച പ്ലേയിങ് ഇലവനുമായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങുമ്പോള്‍, പ്രതികയുടെ അഭാവത്തില്‍ 308 റണ്‍സടിച്ച താരത്തിന്റെ ദൗത്യം ഷഫാലി വര്‍മ എങ്ങനെ നികത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.