WOMEN’S WORLD CUP| പ്രതികാരം മധുരതരം; വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍

Jaihind News Bureau
Wednesday, October 29, 2025

ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 125 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന് മുന്നില്‍ 320 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (143 പന്തില്‍ 169 റണ്‍സ്) അവിശ്വസനീയ സെഞ്ചുറിയാണ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. ടസ്മിന്‍ ബ്രിട്‌സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനായി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഏഴ് പന്തുകള്‍ക്കിടെ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ ഓവറില്‍ മരിസാനെ കാപ്പ് എമി ജോണ്‍സിനെയും (0) ഹീതര്‍ നൈറ്റിനെയും (0) ബൗള്‍ഡ് ചെയ്തു. രണ്ടാം ഓവര്‍ എറിയാനെത്തിയ അയബോംഗ ഖാക താമി ബ്യൂമോണ്ടിനെക്കൂടി (0) മടക്കിയയച്ചതോടെ, സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി.

തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (64), ആലിസ് ക്യാപ്‌സി (50) എന്നിവര്‍ ചേര്‍ന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍, ഈ സഖ്യത്തിന് അധികനേരം ക്രീസില്‍ തുടരാനായില്ല. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു. മത്സരത്തിലെ താരം മരിസാനെ കാപ്പ് അഞ്ച് വിക്കറ്റുകള്‍ നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞു. 42.3 ഓവറില്‍ 194 റണ്‍സെടുക്കാന്‍ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്.

ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതേ സ്റ്റേഡിയത്തില്‍ വെച്ച് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോറ്റുകൊണ്ടാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. അന്ന് 69 റണ്‍സിന് ഓള്‍ ഔട്ടായ ആ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഈ സെമിഫൈനല്‍ വിജയം.