
ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമായി മുന്‍ നായകന് രോഹിത് ശര്‍മ്മ കരിയറിലാദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് ‘ഹിറ്റ്മാന്’ ഈ നേട്ടം കൈവരിച്ചത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും 38-ാം വയസ്സില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് സ്വന്തമാക്കി.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് രോഹിത്തിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും, നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയ രോഹിത് ‘പ്ലെയര്‍ ഓഫ് ദി സീരീസ്’ ആയും തിരഞ്ഞെടുക്കപ്പെട്ടു.
പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന രോഹിത്, 781 പോയിന്റോടെയാണ് ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ. ഇതിന് മുമ്പ് സച്ചിന് ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ഗില്‍ മൂന്നാം സ്ഥാനത്തും, അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സര്ദ്രാന് രണ്ടാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി ഒരു സ്ഥാനം താഴേക്ക് പോയി ആറാം സ്ഥാനത്താണ്. രണ്ടാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതെത്തി. ആദ്യ പത്തില്‍ രോഹിത്, ഗില്‍, കോലി, ശ്രേയസ് എന്നിവര്‍ ഇന്ത്യന്‍ സാന്നിധ്യമാണ്.
ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി. ഇന്ത്യയുടെ കുല്‍ദീപ് യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. ഓസീസ് സ്പിന്നര്‍ ആദം സാംപ രണ്ട് സ്ഥാനം ഉയര്‍ന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി.