Rain| ചുഴലിക്കാറ്റ്; ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jaihind News Bureau
Wednesday, October 29, 2025

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ‘മോന്‍താ’ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

അര്‍ദ്ധരാത്രിയോടെ ആന്ധ്രാപ്രദേശ് തീരം തൊട്ട മോന്‍താ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായി കരയില്‍ പ്രവേശിക്കാന്‍ ഏകദേശം ആറ് മണിക്കൂര്‍ സമയമെടുത്ത മോന്‍താ, നിലവില്‍ ഒഡിഷ ഭാഗത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാനാണ് സാധ്യത.

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.