
കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു.) തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ സമിതി കണ്ടെത്തി. ബാലറ്റ് പേപ്പറുകളില്‍ താളപ്പിഴകളും സുരക്ഷാ വീഴ്ചകളും ഉണ്ടായതായി സമിതി വിസി ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാറ്റലൈറ്റ് ക്യാമ്പസുകളില്‍ നടന്ന തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിട്ടേണിങ് ഓഫീസര്‍മാര്‍ ഇടപെട്ടാണ് ക്രമക്കേടുകള്‍ നടന്നതെന്നും, തെരഞ്ഞെടുപ്പ് മാറ്റി നടത്താനുള്ള വൈസ് ചാന്‍സിലറുടെ തീരുമാനം ശരിയായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡി.എസ്.യു. തെരഞ്ഞെടുപ്പില്‍ സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പും ഇല്ലാതെ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്തതിനെതിരെ യുഡിഎസ്എഫ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവിടുകയും ചെയ്തു. വോട്ടെണ്ണലിനിടെ യുഡിഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും.