പിഎം ശ്രീ തര്‍ക്കം രൂക്ഷം: സിപിഐ മന്ത്രിമാര്‍ ഇന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

Jaihind News Bureau
Wednesday, October 29, 2025

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച തര്‍ക്കം ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെ, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കും. വിഷയം സംബന്ധിച്ച് ശക്തമായ നിലപാടെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു.

സിപിഐയുടെ നാല് മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടെങ്കിലും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല. ഇന്ന് ഒരിക്കല്‍ കൂടി സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. ഈ യോഗത്തിലായിരിക്കും വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കണം എന്നതാണ് സിപിഐ പ്രധാനമായും മുന്നോട്ട് വെക്കുന്ന ആവശ്യം.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്മാറുന്നതായി അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതായും ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നുമാണ് സിപിഐയുടെ നിലപാട്.