Montha Cyclone| ‘മോന്‍താ’ ചുഴലിക്കാറ്റ്: ശക്തി കുറഞ്ഞു; ആന്ധ്രാ തീരത്ത് കനത്ത നാശനഷ്ടം, ഒഡിഷയില്‍ അതീവ ജാഗ്രത

Jaihind News Bureau
Wednesday, October 29, 2025

 

ആന്ധ്രാപ്രദേശ് തീരം കടന്ന ‘മോന്‍താ’ തീവ്രചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറുകയും ചെയ്തതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നിലവില്‍ നാര്‍സപൂരില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറായാണ് ‘മോന്‍താ’ കേന്ദ്രീകരിച്ചിരിക്കുന്നത്. മച്ചിലിപട്ടണത്തെയും വിശാഖപട്ടണത്തെയും ഡോപ്ലര്‍ റഡാറുകള്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം തുടര്‍ച്ചയായി നിരീക്ഷിച്ചുവരുകയാണ്.

മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനാടക്ക് തെക്കായി മോന്‍താ തീരം കടന്നതായി കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു. ചുഴലിക്കാറ്റ് തീരം കടന്നതോടെ പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, കിഴക്കന്‍ ഗോദാവരി ജില്ലകളില്‍ കനത്ത മഴയും കൊടുങ്കാറ്റ് പോലുള്ള ശക്തമായ കാറ്റും തുടരുകയാണ്. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും തീരദേശ ജില്ലകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ, കോനസീമ ജില്ലയിലെ മകനഗുഡെം ഗ്രാമത്തില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഒരു സ്ത്രീ മരിച്ചതായും പൊലീസ് അധികൃതര്‍ അറിയിച്ചു.

ദുരന്തസാധ്യത പരിഗണിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് ബാധിത ജില്ലകളായ കൃഷ്ണ, ഏലൂരു, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, കാക്കിനാട, ഡോ. ബി.ആര്‍. അംബേദ്കര്‍ കോനസീമ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ രാത്രി 8:30 മുതല്‍ രാവിലെ 6 മണി വരെ വാഹന ഗതാഗതത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ദേശീയപാതകളിലൂടെയുള്ള ഗതാഗതം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് ഗതാഗതവും നിര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗതാഗത മേഖലയില്‍ ചുഴലിക്കാറ്റ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിശാഖപട്ടണം വിമാനത്താവളത്തിലെ 32 വിമാനങ്ങളും വിജയവാഡയിലെ 16 വിമാനങ്ങളും തിരുപ്പതിയിലെ നാല് വിമാനങ്ങളും റദ്ദാക്കി. കൂടാതെ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ മേഖലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 120 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അടുത്ത 12 മണിക്കൂറും കനത്ത മഴ തുടരാനാണ് സാധ്യതയെന്നും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ 45 ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മോന്‍ത ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങള്‍ തെലങ്കാന, തമിഴ്നാട്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.