
ജെറുസലേം: ഗാസയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങള്‍ സംബന്ധിച്ച തര്‍ക്കമാണ് പുതിയ നീക്കത്തിന് കാരണം. കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ ബന്ദിയുടെ മൃതദേഹം സംബന്ധിച്ച് ഇസ്രായേല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ഹമാസ് ഇന്നലെ കൈമാറിയത്, രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹമാസ് തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പിന്നീട് പുറത്തെടുത്ത് കൈമാറി തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നുാണ് ഇസ്രായേല്‍ വാദിക്കുന്നത്. യഥാര്‍ത്ഥ മൃതദേഹം കണ്ടെത്താന്‍ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വ്യാജ കൈമാറ്റം എന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു.
ഇസ്രായേലിന്റെ ആരോപണങ്ങള്‍ ഹമാസ് പൂര്‍ണ്ണമായി നിഷേധിച്ചു. തങ്ങളാണ് വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിച്ചതെന്ന ഇസ്രായേല്‍ വാദത്തെയും അവര്‍ തള്ളിക്കളഞ്ഞു. ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍ മൃതദേഹങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ ദുര്‍ഘടമാക്കിയെന്ന് ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇസ്രായേലാണെന്നും അവര്‍ ആരോപിച്ചു.
ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നതില്‍ ഹമാസ് നേരത്തെയും കാലതാമസം വരുത്തുന്നതായി ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തെത്തുടര്‍ന്ന് ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണത്തില്‍ ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ബന്ദി മോചനവും മൃതദേഹ കൈമാറ്റവും അടങ്ങുന്ന സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയുണ്ടായ പുതിയ തര്‍ക്കം, ഗാസയിലെ സാഹചര്യം വീണ്ടും സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.