Pinarayi Vijayan | മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്: നെല്ല് സംഭരണ യോഗം റദ്ദാക്കിയത് സിപിഐയോടുള്ള നീരസമോ? സംശയങ്ങള്‍ ഏറെ

Jaihind News Bureau
Tuesday, October 28, 2025

എറണാകുളം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയത് ദുരൂഹതകള്‍ക്ക് വഴിവെക്കുന്നു. യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകള്‍ പങ്കെടുക്കുന്നില്ല എന്ന കാരണം പറഞ്ഞ് പിന്മാറുകയായിരുന്നുവെങ്കിലും, ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ സി.പി.ഐയോടുള്ള അതൃപ്തിയാണോ എന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ സംശയമുയരുന്നു്. നാളെ വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നിലും ചില രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉണ്ടോ എന്നും വിലയിരുത്തപ്പെടുന്നു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ നടന്ന യോഗത്തില്‍ കൃഷി, സിവില്‍ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ സന്നിഹിതരായിരുന്നു. ഇതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.ഐ മന്ത്രി ജി.ആര്‍. അനില്‍ കുമാറാണ്. കൃഷിവകുപ്പ് ആകട്ടെ പി പ്രസാദും. ഇരുവരും സിപിഐ മന്ത്രിമാര്‍. ഇന്നലെ ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രിയെ എതിര്‍ത്ത് സ്വന്തം പാര്‍ട്ടിയുടെ വാദമുഖങ്ങള്‍ ഉയര്‍ത്തിയ വ്യക്തികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല എന്നതു തന്നെയാണ് ഇതില്‍ നിന്ന് വായിച്ചെടുക്കേണ്ടത്

മന്ത്രിമാര്‍ക്ക് പുറമെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മില്ലുടമകളുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി യോഗം റദ്ദാക്കിയത് സാങ്കേതികമായി ശരിയാണെങ്കില്‍ പോലും, ഇത്രയേറെ പ്രാധാന്യമുള്ള വിഷയത്തില്‍, നാല് മന്ത്രിമാര്‍ പങ്കെടുക്കുന്ന ഒരു യോഗം ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്ന നടപടികളാണ് മുഖ്യമന്ത്രിപോലും നടത്തുന്നത്.

സി.പി.ഐയോടുള്ള അതൃപ്തിയോ?

സംഭവത്തിന് പിന്നില്‍ സി.പി.ഐയോടുള്ള മുഖ്യമന്ത്രിയുടെ അതൃപ്തിയാണോ എന്ന ചോദ്യം പ്രസക്തമാണ്. പി.എം. ശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നതുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതിഷേധിച്ച് നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് സി.പി.ഐ അറിയിച്ചിട്ടുമുണ്ട്. ഈ രാഷ്ട്രീയ ഭിന്നതയുടെ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്കിനെ കാണാന്‍. നെല്ല് സംഭരണം പോലുള്ള കര്‍ഷകരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഒന്നാണ് സിവില്‍ സപ്ലൈസ്. സി.പി.ഐ കൈകാര്യം ചെയ്യുന്ന ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തിയും യോഗം റദ്ദാക്കാന്‍ കാരണമായെന്ന സൂചനയുണ്ട്.

സമയക്രമീകരണത്തിന് പിന്നിലെ രാഷ്ട്രീയം:

ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നിലും ചില രാഷ്ട്രീയ മാനങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷമാണ് സി.പി.ഐ മന്ത്രിമാരുള്‍പ്പെട്ട ഈ യോഗം വിളിച്ചിരിക്കുന്നത്. സി.പി.ഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന ഭീഷണി നിലനില്‍ക്കെ, നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അവരുടെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കപ്പെടും. ഈ നിലപാട് അറിഞ്ഞതിന് ശേഷം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ സി.പി.ഐയോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണോ മുഖ്യമന്ത്രി വൈകുന്നേരത്തേക്ക് യോഗം മാറ്റിവെച്ചത് എന്ന ചോദ്യം ഉയരുന്നു.

നെല്ല് സംഭരണം പോലുള്ള കര്‍ഷകരുടെ സുപ്രധാന വിഷയങ്ങളില്‍ ഇത്തരമൊരു രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കെട്ടുറപ്പിന് തന്നെ വെല്ലുവിളിയാകുമോ എന്നും നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് സര്‍ക്കാരിനുള്ളിലെ ഭിന്നതകള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ടോ എന്നും വരും ദിവസങ്ങളില്‍ വ്യക്തമാകും.