ടിപി വധക്കേസ്: കുറ്റവാളികളെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം; പുറത്തുവിട്ടാല്‍ സുരക്ഷാ പ്രശ്നമുണ്ടോയെന്ന് ജയിലുകളിലേക്ക് കത്ത്

Jaihind News Bureau
Tuesday, October 28, 2025

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്. ടിപി വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്കു കത്തയച്ചു.

പ്രതികളെ ജയിലില്‍ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളിനു വേണ്ടിയാണോ എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികള്‍ നിലവില്‍ കഴിയുന്ന ജയിലുകളിലെ സൂപ്രണ്ടുമാര്‍ക്ക് പുറമെ മറ്റ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. കേസിലെ 9 പ്രതികള്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്.

അതേസമയം നീക്കം വിവാദമായതോടെ വിശദീകരണവുമായി ജയില്‍ എഡിജിപി രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ വ്യക്തമാക്കുന്നത്. മാഹി ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാപ്രശ്‌നം ഉണ്ടോ എന്ന് അന്വേഷിക്കുന്ന കത്തില്‍ ടി.പി. വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടതിലെ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാഹി വധക്കേസിലെ പ്രതികള്‍ക്ക് നേരത്തെ പരോള്‍ ലഭിച്ചിരുന്നു.

നേരത്തെയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശിക്ഷാ ഇളവ് നല്‍കാനുള്ളവരുടെ പട്ടികയില്‍ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ പ്രതികളെ ഉള്‍പ്പെടുത്താന്‍ നീക്കം നടന്നത് വിവാദമായിരുന്നു. കേസിലെ പ്രതിയായ കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റുള്ളവര്‍ കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ്.