പി എം ശ്രീയില്‍ നിന്ന് തിരിച്ചു പോക്കുമില്ല, മെല്ലെ പോക്കുമില്ല; ഉറപ്പിച്ച് സിപിഎം; പിന്തുണച്ച് ദേശാഭിമാനിയില്‍ വി.ശിവന്‍കുട്ടിയുടെ ലേഖനം

Jaihind News Bureau
Tuesday, October 28, 2025

കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം.ശ്രീ’ പദ്ധതി നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സിപിഎമ്മിന്റെ നിലപാട് വ്യക്തമായത്. ‘മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത്’ എന്ന തലക്കെട്ടോടെയാണ് ലേഖനം.

പദ്ധതി നടപ്പിലാക്കുന്നതില്‍ ‘തിരിച്ചുപോക്കുമില്ല, മെല്ലെപ്പോക്കുമില്ല’ എന്ന് ലേഖനത്തിലൂടെ മന്ത്രി ഉറപ്പിച്ച് പറയുന്നു. കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിദ്യാഭ്യാസ നയം അടിയറവ് വെക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനം ശരിവെക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കം. പദ്ധതിക്കെതിരെ ഉയര്‍ന്നു വന്നത് അനാവശ്യ രാഷ്ട്രീയ വിവാദങ്ങളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ശിവന്‍കുട്ടി പി.എം.ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനെതിരെ ചില ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ടെന്നും വിമര്‍ശിച്ചു.

ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളിയാകുന്ന കേന്ദ്ര പദ്ധതികളെക്കുറിച്ച് ജാഗ്രത വേണമെന്ന് സിപിഐ അടക്കം നിലപാടെടുത്ത സാഹചര്യത്തിലാണ് സിപിഎം ഇപ്പോള്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയുടെ ആശങ്കകളെ പൂര്‍ണ്ണമായും അവഗണിച്ച് സിപിഎം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത്, ഇരു പാര്‍ട്ടികളും തമ്മില്‍ പുതിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമമെന്ന പേരിലാണ് നീക്കമെങ്കിലും, കേന്ദ്ര ഫണ്ടിനായുള്ള നെട്ടോട്ടമാണ് ഈ ധൃതിക്ക് പിന്നിലെന്ന് വ്യക്തമാണ്.