തകര്‍ന്ന സ്വപ്നം, തുണയായി സൗഹൃദം: ‘വിനായക ട്രാവല്‍സ്’ വീണ്ടും നിരത്തില്‍; ഒഴുക്കില്‍പ്പെട്ട ട്രാവലറിന് പകരം പുത്തന്‍ വാന്‍ സമ്മാനമായി നല്‍കി കൂട്ടുകാര്‍

Jaihind News Bureau
Tuesday, October 28, 2025

ഇടുക്കി നെടുങ്കണ്ടത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകുന്ന ഒരു ട്രാവലര്‍ ആരും മറന്നുകാണില്ല. പിന്നീട് ട്രാവലര്‍ പുഴയില്‍ നിന്നും ഉയര്‍ത്തിയെടുത്ത ദൃശ്യങ്ങളും നമ്മള്‍ കണ്ടു. ഇതോടുകൂടി ഉപജീവനം ഇല്ലാതായത് ഈ ട്രാവലറിനെ മാത്രം ആശ്രയിച്ചിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ്. ഇവര്‍ക്ക് അതിജീവനത്തിന്റെ പാതയെരുക്കി നല്‍കുകയാണ് മൂന്ന് സുഹൃത്തുക്കള്‍.

ഇടുക്കി നെടുങ്കണ്ടം മേഖലയിലുണ്ടായ പ്രളയ സമാനമായ മലവെള്ളപ്പാച്ചിലിന്റെ ഭീകരാവസ്ഥ നാടറിഞ്ഞത് ഈ വൈറല്‍ വീഡിയോയിലൂടെയാണ്. പ്രളയ ജലം ഒഴുക്കിക്കൊണ്ടു പോയത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതമായിരുന്നു. തകര്‍ന്ന സ്വപ്‌നത്തിന്റെ ബാക്കി പത്രമെന്നോണം പിന്നീട് ആകെ നശിച്ച നിലയില്‍ മിനി വാന്‍ കണ്ടെത്തി. 15 ലക്ഷം വിലയുള്ള ‘വിനായക’ എന്ന 17 സീറ്റര്‍ ട്രാവലറാണ് ഒഴുക്കില്‍പെട്ടത്. ഫിനാന്‍സ് വ്യവസ്ഥയില്‍ വാങ്ങിയ ഈ വാഹനത്തിന് ഇനിയും 5 ലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ട്. വാഹനത്തിന്റെ ഉടമയായ കേളന്തറയില്‍ റെജിയ്‌ക്കൊപ്പം ഡ്രൈവര്‍മാരായ സന്തോഷിനും അപ്പുവിനും കൂടിയാണ് ഉപജീവനം മാര്‍ഗം ഇല്ലാതായത്. മാധ്യമവാര്‍ത്തകളിലൂടെ സംഭവമറിഞ്ഞ സുഹൃത്തുക്കളാണ് ഇവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. ബാംഗ്ലൂരില്‍ ഐടി കമ്പനി ജീവനക്കാരിയായ സുബിന്‍, അഞ്ജലി എന്നീ സുഹൃത്തുക്കളും പേര് വെളിപ്പടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സുഹൃത്തും ചേര്‍ന്ന് പുതിയൊരു വാന്‍ സമ്മാനിച്ചു.

വാഹനം വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ നിലവിലുണ്ടായിരുന്ന മുഴുവന്‍ ബുക്കിംഗുകളും ഇല്ലാതായി. വാഹനം ആറ്റില്‍ നിന്നും കരയ്‌ക്കെത്തിച്ചപ്പോള്‍ ജീവിതം അവസാനിച്ചെന്ന് തോന്നിയെന്ന് ഡ്രൈവറായ സന്തോഷ് പറഞ്ഞു. എങ്കിലും പുതിയ പ്രതീക്ഷയുടെ സന്തോഷത്തിലാണ് ഇവര്‍. എന്തായലും നാളെ മുതല്‍ വിനായക ട്രാവല്‍സ് വീണ്ടും സര്‍വീസ് തുടരുകയാണ്. അതിജീവനത്തിന്റെ സര്‍വീസ്.