Montha Cyclone| ‘മോന്‍താ’ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; ആന്ധ്രാ തീരത്ത് അതീവ ജാഗ്രത, കേരളത്തിലും ശക്തമായ മഴ

Jaihind News Bureau
Tuesday, October 28, 2025

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റായ ‘മോന്‍താ’ ഇന്ന് രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക.

കര തൊടുമ്പോള്‍ മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 110 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളുടെ തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ 65-ലധികം ട്രെയിന്‍ സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കി.

‘മോന്‍താ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, കാറ്റിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്.അതേസമയം കനത്ത മഴയുടെ സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.