Melissa Hurricane| ഭീതി ഉയര്‍ത്തി മെലിസ ചുഴലിക്കാറ്റ്: മണിക്കൂറില്‍ 275 കി.മീ വേഗത്തില്‍; ജമൈക്കയില്‍ അതീവ ജാഗ്രത

Jaihind News Bureau
Tuesday, October 28, 2025

 

കിംഗ്സ്റ്റണ്‍: അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട അതിശക്തമായ മെലിസ ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപ് രാജ്യങ്ങളില്‍ കനത്ത നാശനഷ്ടം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ കാറ്റഗറി 4-ല്‍ തുടരുന്ന കൊടുങ്കാറ്റ്, വൈകാതെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ കാറ്റഗറി 5-ലേക്ക് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് യു.എസ്. നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മണിക്കൂറില്‍ ഏകദേശം 145 മൈല്‍ (230 കിലോമീറ്റര്‍) ആണ് മെലിസ ചുഴലുക്കാറ്റിന്റെ വേഗത. കരയിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ വേഗത കുറയും. ഇത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും. ജമൈക്കയിലും ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലുമാണ് മെലിസയുടെ ആഘാതം ഏറ്റവും ഗുരുതരമാകാന്‍ സാധ്യത. ജമൈക്കയുടെ ചില ഭാഗങ്ങളില്‍ 40 ഇഞ്ച് (ഏകദേശം ഒരു മീറ്റര്‍) വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് ജീവഹാനിവരുത്തുന്ന വെള്ളപ്പൊക്കത്തിനും വന്‍ മണ്ണിടിച്ചിലിനും കാരണമാകും.

ചുഴലിക്കാറ്റ് ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെയോടെ ജമൈക്കയ്ക്ക് സമീപത്ത് കൂടി കടന്നുപോവുകയും, തുടര്‍ന്ന് ക്യൂബ, ബഹാമാസ് ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് നിവാസികളോട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ആഹ്വാനം ചെയ്തു. ജമൈക്കയില്‍ 650-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

മെലിസ കൊടുങ്കാറ്റ് സമീപ വര്‍ഷങ്ങളില്‍ കരീബിയന്‍ മേഖലയെ ബാധിക്കുന്ന ഏറ്റവും ശക്തമായ പ്രകൃതിദുരന്തമായി മാറാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.