യൂത്ത് കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: ഒ ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

Jaihind News Bureau
Monday, October 27, 2025

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ഔദ്യോഗികമായി ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിനു ചുള്ളിയില്‍ വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേറ്റു. കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഒ ജെ ജനീഷ് പറഞ്ഞു. തനിക്കിനി മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ വളരെ പെട്ടെന്ന് തന്നെ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രീതിയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. ഭരണ തുടര്‍ച്ചയ്ക്കായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ മലിനമാക്കാന്‍ സാധിക്കും എന്നതിന് ഉദാഹരണമാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കൂടാതെ, പിഎം ശ്രീ വിഷയത്തില്‍ നിലവിലെ സര്‍ക്കാര്‍ മോദി സര്‍ക്കാരിന് വിധേയപ്പെട്ടവരാണെന്നും, ഇത് സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയമാണ് വെളിവാക്കുന്നതെന്നും ഒ ജെ ജനീഷ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരായ പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരുമെന്ന് ജനീഷ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണമെന്നും ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്നും അദ്ദേഹം കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. വരുന്ന 10 വര്‍ഷം മുന്‍കൂട്ടി കണ്ട് യുവാക്കളെ വളര്‍ത്തണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്കുള്ള യൂത്ത് കോണ്‍ഗ്രസ് ഭവനങ്ങള്‍ സമയബന്ധിതമായി നിര്‍മ്മിച്ചു നല്‍കുമെന്നും അത് കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, എല്ലാവരും യോഗത്തില്‍ പങ്കെടുത്തത് തന്റെ ഏറ്റവും വലിയ സന്തോഷമാണെന്നും, സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജനീഷ് വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അന്ത്യം യൂത്ത് കോണ്‍ഗ്രസ് കുറിക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ അബിന്‍ വര്‍ക്കി പറഞ്ഞു. താന്‍ ഈ സംഘടനയിലേക്ക് വന്നത് രാഹുല്‍ ഗാന്ധിയുള്ളതുകൊണ്ട് മാത്രമാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സര്‍ക്കാരിന്റെ അനീതികളെ ചോദ്യം ചെയ്യാന്‍ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ലെന്നും, എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സര്‍ക്കാര്‍ വിലാസം സംഘടനകളായി മാറിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ പോരാടുന്നത് യൂത്ത് കോണ്‍ഗ്രസാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.