
കേരളത്തിന്റെ വരും തലമുറയെ സര്‍ക്കാര്‍ സംഘപരിവാറിന് വില്‍പന നടത്തിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കച്ചവടം നടത്തി എന്നും അദ്ദേഹം ആരോപിച്ചു. ‘പിണറായി വിജയന്‍ സര്‍ക്കാരിന് കാവിയോട് പ്രണയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശബ്ദം ഇന്ന് കെ. സുരേന്ദ്രനാണ്. പിണറായി വിജയന്റെ കുടുംബ സ്വത്തല്ല കേരളം,’ എന്നും അദ്ദേഹം തുറന്നടിച്ചു. ഇത് ഒരു പോരാട്ടത്തിന്റെ തുടക്കമാണെന്നും കേരളത്തിലെ വിദ്യാഭ്യാസത്തെ സംഘവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരള പൊലീസില്‍ ആര്‍.എസ്.എസ്. പിടിമുറുക്കിയിരിക്കുന്നു എന്ന് സി.പി.ഐ.എമ്മിന്റെ യുവജന സംഘടന തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ശക്തമായ സമര മുന്നറിയിപ്പാണ് അലോഷ്യസ് സേവ്യര്‍ നല്‍കിയത്. കേരളത്തിലെ ഏതെങ്കിലും സ്‌കൂളിന് മുന്നില്‍ പി.എം. ശ്രീ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍, അതിന്റെ കുറ്റികള്‍ അടിച്ചിളക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പി.എം. ശ്രീ പദ്ധതിക്കെതിരായ പോരാട്ടത്തില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിനെ ഉള്‍പ്പെടെ സംയുക്ത സമരത്തിന് അദ്ദേഹം ക്ഷണിച്ചു. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാ യുവജന-വിദ്യാര്‍ത്ഥി സംഘടനകളും ഒന്നിക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.