
ന്യൂഡല്‍ഹി: നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയ്ക്കു ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു. 2024 നവംബര്‍ 10-ന് ജസ്റ്റിസ് ബി ആര് ഗവായിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഈ ശുപാര്‍ശക്ക് നിയമ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 51-ാമത് CJI ആയി ചുമതലയേല്‍ക്കും. 2025 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്. ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ പരമോന്നത ജുഡീഷ്യല്‍ പദവിയില്‍ എത്തുന്ന ഹരിയാനയില്‍ നിന്നുള്ള ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്.
2023-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവെച്ച വിധി അദ്ദേഹത്തിന്റെ പ്രധാന വിധി പ്രസ്താവനകളില്‍ ഒന്നായിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് .
1962 ഫെബ്രുവരി 10-ന് ഹരിയാനയിലെ ഹിസാറിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹരിയാനയുടെ പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു. മുപ്പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ശക്തമായ നിയമ പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നുള്ള ആളല്ല അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ യാത്രയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ജസ്റ്റിസ് സൂര്യകാന്തിന്റെ പിതാവ് ഒരു അദ്ധ്യാപകനായിരുന്നു, ഒരു ഗ്രാമീണ വിദ്യാലയത്തില്‍ നിന്നാണ് സൂര്യകാന്ത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1984-ല്‍ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അദ്ദേഹം നിയമ ബിരുദം നേടി.
തുടര്‍ന്ന്, ഹിസാറിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജസ്റ്റിസ് കാന്ത്, പിന്നീട് ചണ്ഡീഗഡിലേക്ക് മാറുകയും പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2004-ല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അതിനുശേഷവും അദ്ദേഹം അക്കാദമിക് പഠനം തുടര്‍ന്നു, 2011-ല്‍ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി.
ശാന്തമായ സ്വഭാവത്തിനും സമതുലിതമായ വിധികള്‍ക്കും പേരുകേട്ട ജസ്റ്റിസ് കാന്ത് 14 വര്‍ഷത്തോളം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019 മെയ് 24-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.