G Sudhakaran| തോട്ടപ്പള്ളി പാലം ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജി. സുധാകരന്‍; ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

Jaihind News Bureau
Monday, October 27, 2025

തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍.  തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങ്.

എച്ച്. സലാം എം.എല്‍.എ. നേരിട്ട് സുധാകരന്റെ വീട്ടിലെത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. സുധാകരന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ ക്ഷണക്കത്തും നോട്ടീസും വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ഉദ്ഘാടന നോട്ടീസില്‍, മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എം.പിക്കും ഒപ്പം ജി. സുധാകരന്റെ പേരും ചിത്രവും വിശിഷ്ടാതിഥിയായി ഉള്‍പ്പെടുത്തിയിരുന്നു. സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിന് അനുമതി നല്‍കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍, സിപിഎം തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടന നോട്ടീസില്‍ ജി. സുധാകരന്റെ പേരും ചിത്രവും ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സര്‍ക്കാര്‍ പരിപാടിയുടെ നോട്ടീസില്‍ ജി. സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തുന്നത്. അതൃപ്തി തുടരുന്ന സുധാകരനെ നേരത്തെ സിപിഎം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നത് പ്രാദേശിക രാഷ്ട്രീയത്തിലെ അസ്വാരസ്യങ്ങള്‍ തുടരുന്നു എന്നതിന്റെ സൂചനയായാണ്.