
വയനാട്: വിവാദമായ മുട്ടില്‍ അനധികൃത മരംമുറി കേസില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് പിഴ ചുമത്താനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ വീണ്ടും സജീവമാകുന്നു. തുച്ഛമായ വിലയ്ക്ക് തങ്ങളുടെ പട്ടയഭൂമിയിലെ ഈട്ടിമരം അടക്കമുള്ള റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്താന്‍ മരംകൊള്ളക്കാര്‍ക്ക് അവസരം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് റവന്യൂ റിക്കവറി നടപടിക്ക് നീക്കം നടക്കുന്നത്.
മരംമുറിക്കേസില്‍ കുറ്റവാളികളില്‍ നിന്ന് പിഴ ഈടാക്കാനുള്ള റവന്യൂ നടപടിയില്‍ ഇപ്പോള്‍ കുരുങ്ങിയിരിക്കുന്നത് ഭൂവുടമകളായ സാധാരണ കര്‍ഷകരാണ്. മരം മുറിച്ചു കടത്തിയ മരങ്ങളുടെ യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വരെയാണ് പല കര്‍ഷകരും പിഴയായി അടയ്ക്കേണ്ടി വരിക. കര്ഷകന് 80 ലക്ഷം രൂപ വരെ പിഴയായി ലഭിച്ച കേസുകളുണ്ടെന്നാണ് വിവരം. കര്ഷകന് കേവലം ഏഴായിരം രൂപയോ അതിലും കുറഞ്ഞ തുകയോ നല്‍കിയാണ് തട്ടിപ്പുകാര്‍ കോടികളുടെ മരങ്ങള്‍ മുറിച്ചു കടത്തിയത്.
ഒരു മാസത്തിനകം പിഴയടക്കണമെന്നും, അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും റവന്യൂ വകുപ്പ് നോട്ടീസിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴായതായാണ് ഇതോടെ വ്യക്തമാകുന്നത്. നേരത്തെ, കര്‍ഷകര്‍ക്കെതിരെ പിഴ ചുമത്തിയത് പുനഃപരിശോധിക്കുമെന്നും കര്‍ഷകരെയും ആദിവാസികളെയും ദ്രോഹിക്കാനുള്ള നിലപാട് സര്‍ക്കാരിനില്ലെന്നും റവന്യൂ മന്ത്രി കെ. രാജന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
വയനാട് മുട്ടില്‍ വില്ലേജില്‍ നടന്നത് സമാനതകളില്ലാത്ത മരംമുറിയായിരുന്നു. 2020 ഒക്ടോബറില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരംകൊള്ളക്കാര്‍ ഭൂവുടമകളെ കബളിപ്പിച്ചത്. മരം മുറിക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ട് എന്ന് കള്ളം പറഞ്ഞാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള റിസര്‍വ് മരങ്ങള്‍ മുറിച്ചത്. റോജി അഗസ്റ്റിന്, ആന്റോ ആഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. 104 മരങ്ങളാണ് ഇവര്‍ മുട്ടിലില്‍ നിന്ന് മാത്രം മുറിച്ചു കടത്തിയത്.