മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി

Jaihind News Bureau
Sunday, October 26, 2025

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ, ടി.വി. പ്രശാന്തന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പി.പി. ദിവ്യയും ടി.വി. പ്രശാന്തനും പരസ്യമായി ആരോപിച്ചിരുന്നു. ഇതാണ് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത്. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു, മരണശേഷവും ടി.വി. പ്രശാന്തന്‍ ആരോപണം പലതവണ ആവര്‍ത്തിച്ചു തുടങ്ങിയവയാണ് ര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.

നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി പത്തനംതിട്ട സബ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പി.പി. ദിവ്യ, ടി.വി. പ്രശാന്തന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത മാസം നവംബര്‍ 11-ന് വീണ്ടും പരിഗണിക്കും.