
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവര്‍ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്.
ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ചത്. ‘ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി കുറയ്ക്കുകയാണ്, ഞങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വരുമാനം കുറയ്ക്കുന്നതിനായി അവരുടെ എണ്ണ വ്യാപാരം തടസ്സപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. തങ്ങളുടെ ഊര്‍ജ്ജ ഇറക്കുമതി നയങ്ങള്‍ സ്വതന്ത്രവും സാമ്പത്തിക യുക്തിക്ക് അനുസൃതവുമാണെന്ന് വ്യക്തമാക്കി. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയുടെ സാഹചര്യത്തില്‍, ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രാജ്യത്തിനും ഉറപ്പ് നല്‍കിയിട്ടില്ല എന്നും ഇന്ത്യ ആവര്‍ത്തിച്ചു.
പുതിയ യു.എസ്. ഉപരോധങ്ങള്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് (റിഫൈനറികള്‍ക്ക്) തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഉപരോധം നേരിടുന്ന റോസ്നെഫ്റ്റ്, ലുക്കോയില്‍ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ റിഫൈനറികള്‍ കുറച്ചേക്കും. റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ നിലവിലെ കരാറുകള്‍ പുനഃപരിശോധിച്ചു വരികയാണ്.