Adimali Landslide| അടിമാലിയില്‍ മണ്ണിടിച്ചില്‍: വീട് തകര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഗൃഹനാഥന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

Jaihind News Bureau
Sunday, October 26, 2025

അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. നെടുമ്പള്ളിക്കുടി ബിജുവാണ് മരിച്ചത്. അപകടത്തില്‍ ബിജുവിന്റെ ഭാര്യ സന്ധ്യയ്ക്കും പരിക്കേറ്റിറ്റുണ്ട്. സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഴയെത്തുടര്‍ന്ന് ഈ പ്രദേശത്ത് വെള്ളിയാഴ്ചയും മണ്ണിടിഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെ വീണ്ടും മണ്ണിടിയുകയായിരുന്നു.

ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇന്ന് പുലര്‍ച്ചയോടെ ദമ്പതികളെ പുറത്തെടുത്തത്. സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാനായാണ് തിരികെ വീട്ടിലേക്കെത്തിയത് എന്നാണ് സന്ധ്യയുടെ അച്ഛന്‍ പത്മനാഭന്‍ പ്രതികരിച്ചത്. ദമ്പതികളെ പുറത്തെത്തിച്ചപ്പോള്‍ തന്നെ ബിജു പ്രതികരിക്കുന്നില്ലായിരുന്നു എന്ന് ബന്ധു പറഞ്ഞു.

ദേശീയപാത 85 നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അടിമാലി പഞ്ചായത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി 22 കുടുംബങ്ങളെ വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. കുടുംബ വീട് തൊട്ടടുത്ത് തന്നെ ആയതുകൊണ്ട് ബിജുവും സന്ധ്യയും ക്യാമ്ബിലേക്ക് മാറിയിരുന്നില്ല. രാത്രി ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്ന സമയത്ത് മണ്ണിടിയുകയായിരുന്നു. ആറ് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.

ഇടുക്കി അടിമാലിക്കും മൂന്നാറിനുമിടെ കൂമ്പന്‍പാറയിലാണ് അപകടമുണ്ടായത്. ലക്ഷംവീട് ഉന്നതിയിലേക്കുള്ള വഴി ഇടുങ്ങിയത് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുണ്ടായതായി അധികൃതര്‍ അറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും അപകട സ്ഥലത്ത് ആദ്യമെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.