P J JOSEPH| വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ മതേതര കേരളം അനുവദിക്കില്ല: പി ജെ ജോസഫ്

Jaihind News Bureau
Sunday, October 26, 2025

വിദ്യാഭ്യാസ രംഗത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ മതേതര കേരളം അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനക്കര ബസ് സ്റ്റാന്റ് മൈതാനിയില്‍ ചേര്‍ന്ന ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭയിലൊ ഇടതു മുന്നണിയിലോ ആലോചിക്കാതെ തീരുമാനമെടുത്തത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

ഘടകകക്ഷി മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തി വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ സി.പി.ഐ പ്രകടിപ്പിച്ച ആശങ്ക ഗൗരവകരമാണ്. ഇടതുമുന്നണിയില്‍ ജോസ് കെ മാണി വിഭാഗം മാത്രമാണ് പി.എം ശ്രീ പദ്ധതിയെപ്പറ്റി പഠിക്കാതെ സ്വാഗതം ചെയ്തത്. വന്യജീവി ശല്യം, പട്ടയ പ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ശമ്പളമില്ലാത്ത അധ്യാപകരുടെ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടതു സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഇടതു സര്‍ക്കാരിന്റ ജനവിരുദ്ധ നയങ്ങള്‍ക്കും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുളള അഴിമതി ഭരണത്തിനുമെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

ബഹുജന സംഗമത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. സി തോമസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.. സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം, ഡപ്യൂട്ടി ചെയര്‍മാന്‍മാരായ ഷെവ.ടി.യു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തോമസ് ഉണ്ണിയാടന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ ജെ ആഗസ്തി, തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.