
ഇന്‍ഡോര്‍: വനിതാ ലോകകപ്പ് മത്സരം കളിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്കുനേരെ ഇന്‍ഡോറില്‍ അതിക്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ടീം താമസിക്കുന്ന ഹോട്ടലിന് സമീപമുള്ള കഫേയില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. അക്രമിയെ പൊലീസ് പിടികൂടി.
ഇന്‍ഡോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ താമസിച്ചിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ടീം സുരക്ഷാ മാനേജര്‍ ഡാനി സിമ്മണ്‍സ് എംഐജി പൊലീസില്‍ ഉടന്‍ തന്നെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ടീമിന് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
വനിതാ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ച ഓസ്ട്രേലിയന്‍ ടീം, ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച് 11 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.