
കേരളത്തിന്റെ തുടര്‍ഭരണത്തിന്റെ അവകാശവാദം മുഴക്കി, ബഹ്റൈന് പിന്നാലെ, ഒമാനിലും പിണറായി വിജയന്റെ പ്രസംഗം. തുടര്‍ ഭരണം നാടിന്റെ വികസനത്തിനു സഹായിക്കുന്ന ഒന്നാണെന്ന് അനുഭവത്തിലൂടെ തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍ അവകാശപ്പെട്ടു. മസ്‌കറ്റിലെ ഇമാറത്തില്‍, ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ, സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അവകാശപ്പെട്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എന്നാല്‍, പ്രവാസികള്‍ക്ക് ആശ്വാസമാകേണ്ട പദ്ധതികളുടെ പ്രഖ്യാപനങ്ങളൊന്നും മുഖ്യമന്ത്രി നടത്തിയതുമില്ല. അതേസമയം, സര്‍ക്കാരിന് നാടിനോടാണ് പ്രതിബദ്ധത വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ ഗവണ്‍മെന്റ് ഒരിക്കലും കീഴടങ്ങേണ്ടതില്ല. തുടര്‍ഭരണം സമ്മാനിച്ചതുകൊണ്ട് നേരത്തെ തുടങ്ങി വെച്ച പരിപാടികള്‍ക്ക് വേഗം കൂട്ടാനും കേരളത്തിന്റെ വികസനം ഉറപ്പുവരുത്താനും സാധിച്ചു. ഇതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥ അഥവാ റിയല്‍ സ്റ്റോറി എന്നും അദ്ദേഹം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് വികസന കുതിപ്പ് നല്‍കിയത് ഇടതു സര്‍ക്കാരുകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 1982 മുതല്‍ 2016 വരെ മുന്നണികള്‍ മാറി മാറി ഭരിച്ചതിന്റെ അപചയം നമ്മള്‍ അനുഭവിച്ചതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും സംഘാടക സമിതി ചെയര്‍മാനുമായ വില്‍സണ്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ഇന്ത്യന്‍ സ്ഥാനപതി ജി.വി. ശ്രീനിവാസ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ്, വ്യവസായി എം.എ. യൂസഫലി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.