
കൊച്ചി: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം നവംബറില്‍ കേരളത്തില്‍ കളിക്കാനെത്തില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ വലിയ തോതില്‍ നിരാശയിലാഴ്ത്തിയാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷനാണ് വിവരം സ്ഥിരീകരിച്ചത്.
നവംബര്‍ 17-ന് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സിയും സംഘവും ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുമെന്നായിരുന്നു നേരത്തെ സര്‍ക്കാരും സ്‌പോണ്‍സര്‍മാരും അറിയിച്ചിരുന്നത്. എന്നാല്‍, നിലവില്‍ അംഗോളയില്‍ മാത്രം കളിക്കാനാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫിഫയുടെ അനുമതി ലഭിക്കുന്നതില്‍ വന്ന കാലതാമസം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് സ്‌പോണ്‍സര്‍ നല്‍കുന്ന വിശദീകരണം . അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, നിലവിലെ കളി മാറ്റിവെക്കാന്‍ ധാരണയായി. അടുത്ത ഫിഫ വിന്‍ഡോയില്‍ കേരളത്തില്‍ മത്സരം നടത്തുമെന്നാണ് സ്‌പോണ്‍സര്‍മാരുടെ അടുത്ത വാദം.
അതേസമയം, മത്സരം മാറ്റിവെച്ചതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍കൂടി ഉണ്ടായതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ മത്സരത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് കഴിയില്ലെന്ന് എഎഫ്എ വിലയിരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളം മത്സരത്തിന് സജ്ജമല്ലെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അംഗോളയ്ക്കെതിരെ ലുവാണ്ടയില്‍ അര്‍ജന്റീന കളിക്കുന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്ത്യയിലേക്കുള്ള യാത്രയെക്കുറിച്ച് AFA സ്ഥിരീകരണം നല്‍കിയിരുന്നില്ല. എന്നിട്ടും മെസ്സിയും സംഘവും വരുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സ്‌പോണ്‍സര്‍മാരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍, ആ പ്രതീക്ഷകള്‍ക്കാണ് തിരശ്ശീല വീഴുന്നത്.