Shibu Baby John| പിഎം ശ്രീയില്‍ ഒപ്പിട്ടത് തലയില്‍ മുണ്ടിട്ട്; സര്‍ക്കാരിന്റെ നയം നിലപാടില്ലായ്മ: ഷിബു ബേബി ജോണ്‍

Jaihind News Bureau
Friday, October 24, 2025

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു നിലപാടില്ലാത്ത സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തലയില്‍ മുണ്ടിട്ട് പോയാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നും, പ്രതിവര്‍ഷം 200 കോടി രൂപ കൊടുക്കുന്നതിന് വേണ്ടിയാണ് ഈ നാടകം അരങ്ങേറിയതെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.

വിദ്യാഭ്യാസ വിഷയങ്ങളില്‍ സി.പി.എം. നേതാവ് എം.എ. ബേബി കാര്യങ്ങള്‍ പഠിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘പിഎം ശ്രീ ആകാം, എന്‍ഇപി വേണ്ട’ എന്നാണ് എം.എ. ബേബി പറഞ്ഞതെന്നും എന്നാല്‍ അത് ‘പറയുന്നതെല്ലാം ഞങ്ങള്‍, വിഴുങ്ങുന്നതെല്ലാം ഞങ്ങള്‍’ എന്ന സിപിഎം നിലപാടിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ. നേതാവ് ബിനോയ് വിശ്വം അറിയാതെ ആട്ടം കാണുകയാണ് എന്നും അദ്ദേഹത്തോട് സഹതപിക്കാന്‍ മാത്രമേ തനിക്ക് സാധിക്കുന്നുള്ളൂ എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ ഈ നിലപാടില്ലായ്മ സി.പി.ഐയ്ക്ക് ചരമഗീതം രചിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ. അശക്തരായിട്ടുണ്ട്. ഭരണത്തിന്റെ തണലില്‍ വളരാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ്. സി.പി.ഐ.യില്‍ നിന്ന് ഇപ്പോള്‍ നടക്കുന്നത് കൂട്ടപ്പലായനമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നയം നിലപാടില്ലായ്മയാണ് എന്ന് ആവര്‍ത്തിച്ച ഷിബു ബേബി ജോണ്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെല്ലാം ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തിയതാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ‘ബിനോയ് വിശ്വം പറയുന്നതല്ല പിണറായി വിജയന്‍ കേള്‍ക്കുന്നത്, അമിത് ഷാ പറയുന്നതാണ് പിണറായി വിജയന്‍ കേള്‍ക്കുന്നത്’ എന്നും അദ്ദേഹം തുറന്നടിച്ചു.