
ഫിഷറീസ് സര്‍വകലാശാലയിലെ (കുഫോസ്) എസ്എഫ്‌ഐ നേതാക്കള്‍ കൂട്ടത്തോടെ ഉന്നത റാങ്ക് നേടി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. ഏഴായിരത്തിലധികം അപേക്ഷകരുണ്ടായിരുന്ന ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം ലഭിച്ച 42 പേരില്‍ 38 പേരും എസ്എഫ്‌ഐക്കാരാണ് എന്നാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിക്കുന്നത്. അധികാര ദുര്‍വിനിയോഗത്തിന്റെ ട്രേഡ് മാര്‍ക്കാവുകയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും, ഇത് വിദ്യാര്‍ത്ഥി വഞ്ചനയുടെ സംഘടിത രൂപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച സംഭവത്തെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംശയാസ്പദമായ ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടര്‍ നല്‍കിയ കത്ത് ഫിഷറീസ് വകുപ്പ് പൂഴ്ത്തിയതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നതില്‍ ഏറ്റവും ഗുരുതരം. സിനിമാക്കഥകളെ പോലും സൈഡ്‌ലൈന്‍ ചെയ്യുന്ന വിധത്തില്‍ ഉന്നത റാങ്ക് നേടി നിയമനം ലഭിച്ചവരില്‍ എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന്‍, സെക്രട്ടറി, യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒ.എം.ആര്‍ പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പ്രസിദ്ധീകരിച്ച 110 പേരുടെ റാങ്ക് പട്ടികയില്‍ 42 പേര്‍ക്കാണ് ഇതുവരെ നിയമനം ലഭിച്ചത്. കേരള, കാലിക്കറ്റ്, എം.ജി., കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷകരായി ഉണ്ടായിരുന്നിട്ടും, നിയമനം ലഭിച്ച 38 പേര്‍ കുഫോസില്‍ നിന്നും അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയവരാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ അസ്വഭാവികത.
കൂടാതെ, റാങ്ക് പട്ടികയിലുള്ള 110 പേരില്‍ 93 പേരും കുഫോസിലെ വിദ്യാര്‍ഥികളാണ്. രണ്ടാം റാങ്കുമായി കുഫോസിലെ എസ്എഫ്‌ഐ സെക്രട്ടറി ബാലു ശേഖര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ശ്രുതി ജോയ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ കുഫോസിലെ മുന്‍ രജിസ്ട്രാര്‍, നിലവിലെ രജിസ്ട്രാര്‍, കൂടാതെ കേരള സര്‍വകലാശാലയിലെ സിപിഎം അധ്യാപക സംഘടന സെക്രട്ടറി കൂടിയായ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവരായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കുഫോസിലെ തന്നെ അധ്യാപകരാണ് എന്ന വസ്തുതയും അലോഷ്യസ് സേവ്യര്‍ എടുത്തുപറയുന്നു. എഴുത്തുപരീക്ഷയില്‍ കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും അവര്‍ റാങ്കില്‍ മുന്നിലെത്തിയതും സ്വാഭാവികമാണെന്ന മട്ടിലുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ പിണറായി കാലത്ത് സ്വാഭാവികമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.