
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ഭരണമുന്നണിയില്‍ അതൃപ്തി പുകയുന്നു. സിപിഐയുടെ എതിര്‍പ്പുകള്‍ വകവെക്കാതെ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്ന് സിപിഐ ആരോപിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിദ്യാഭ്യാസ വകുപ്പിനും സിപിഎമ്മിനുമെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതോടെ, സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പൂര്‍ണ്ണ ഭാഗമാകും എന്ന ആശങ്ക സിപിഐ ശക്തമായി ഉന്നയിച്ചു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി മുന്നോട്ട് പോയതെന്നും സിപിഐ വിമര്‍ശിച്ചു.
സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് പുതിയ നീക്കം. വിഷയത്തില്‍ സിപിഐയുടെ തുടര്‍ നടപടി എന്താകും എന്നതാണ് ഇനി കണ്ടറിയേണ്ടത്.