The Election Commission of India| രാജ്യമാകെ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിന് ഒരുങ്ങാന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ  നിര്‍ദ്ദേശം

Jaihind News Bureau
Thursday, October 23, 2025

Election-Commission-India

ന്യൂഡല്‍ഹി: രാജ്യമാകെ SIR വ്യാപിപ്പിക്കുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും Special Intensive Revision – SIR – അഥവാ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുതുക്കല്‍ നടപടികള്‍ അന്തിമമാക്കാന്‍ കമ്മീഷന്‍ CEO-മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (ECI) സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ (CEOs)സമ്മേളനത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയയത്.

SIR പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. അതിനു ശേഷം CEO-മാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും വിശദീകരണം നല്‍കി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അവസാനമായി നടത്തിയ SIR പ്രകാരമുള്ള വോട്ടര്‍മാരുമായി നിലവിലെ വോട്ടര്‍മാരെ മാപ്പ് ചെയ്യുന്നതിനായി CEO-മാര്‍ക്ക് മുമ്പ് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങളുടെ പുരോഗതിയും കമ്മീഷന്‍ വിലയിരുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുത്തു. രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും CEO-മാരുമായി കമ്മീഷന്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2025 സെപ്റ്റംബര്‍ 10-ന് നടന്ന SIR തയ്യാറെടുപ്പ് സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗം നടന്നത്. ആ യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വോട്ടര്‍മാരുടെ എണ്ണം, അവസാന SIR-ന്റെ യോഗ്യതാ തീയതി, പൂര്‍ത്തിയാക്കിയ അവസാന SIR പ്രകാരമുള്ള വോട്ടര്‍ പട്ടിക എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങള്‍ നടത്തിയിരുന്നു.