ആലപ്പുഴ: തന്റെ പേരില്‍ അസഭ്യപരമായ കവിത പ്രചരിപ്പിച്ചവര്‍ക്കെതിരെ മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന് പൊലീസില്‍ പരാതി നല്കി. അമ്പലപ്പുഴ ഡിവൈ.എസ്.പി.ക്കാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കവിത എന്ന പേരിലാണ് കവിത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തിനെതിരെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായി രംഗത്ത് വന്നിരുന്നു. ‘മുന്‍ മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കവിത വൈറലാകുന്നു’ എന്ന തലക്കെട്ടോടെ ഒരു അശ്ലീല കവിതയും തന്റെ പടത്തോടുകൂടിയ കൂടിയുള്ള ഒരു സ്ക്രീന്‍ഷോട്ടും കോഴിക്കോടുള്ള ഒരു സുഹൃത്ത് അവരുടെ ഗ്രൂപ്പില്‍ വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ് സുധാകരന് കുറിപ്പില്‍ വ്യക്തമാക്കിയത്്.
കുറച്ചുനാളായി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സുധാകരന് പറഞ്ഞു. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.