M M HASSAN| പിഎം ശ്രീ; ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നുവെന്ന് എംഎം ഹസന്‍

Jaihind News Bureau
Thursday, October 23, 2025

കേരളത്തിലെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപി ഐയുടെ എതിര്‍പ്പിനെ പോലും അവഗണിച്ച് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

ആടിനെ പച്ചില കാണിച്ച് കശാപ്പുകാരന്‍ അറവുശാലയിലേക്ക് നയിക്കുന്നത് പോലെയാണ് കേന്ദ്രഫണ്ട് കാട്ടിയുള്ള പ്രലോഭനം. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശ്രമിക്കുന്നത്. നമ്മുടെ ഭാവി തലമുറയോടുള്ള അനീതിയാണിത്. പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ അധ്യാപകരുടെ കുടിശ്ശിക തീര്‍ക്കാനും മറ്റു ചെലവുക്കുമായി ഈ ഫണ്ട് പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ എല്ലാ എതിര്‍പ്പിനെയും അവഗണിച്ച് മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിച്ച് പിഎം ശ്രീ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നീക്കം. ഇതിനെ കേരളത്തിലെ വിദ്യാഭ്യാസ സമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി എതിര്‍ക്കും.

ബിജെപിയെ പിണക്കാതിരിക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തര്‍ധാര ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കൂടിയാണിത്.ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രീണിപ്പിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമാണ്. അതിന് വിദ്യാഭ്യാസ മന്ത്രി വഴങ്ങരുത്. ആദ്യം എതിര്‍പ്പറിയിച്ച വിദ്യാഭ്യാസ മന്ത്രിയെ ഇപ്പോള്‍ മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് മുക്കുകയറിട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന സിപി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെ പോലും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിക്കുകയാണ്. സിപി ഐ അവരുടെ എതിര്‍പ്പുകള്‍ അവസാനിപ്പിക്കുമെന്നാണ് പറയുന്നത്. ഫണ്ട് ലഭിക്കാന്‍ വേണ്ടി ഏത് ആദര്‍ശവും സിപിഎം ബലികഴിക്കും.

ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണ്ണാടകയില്‍ ദേശീയ വിദ്യാഭ്യാസ നയത്തിലെ കാവിവത്കരണ നയങ്ങളെയും അശാസ്ത്രീയ നിര്‍ദ്ദേശങ്ങളെയും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് അവിടെ സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അത് കണ്ടില്ലേ? ആ മാതൃക പിന്തുടരാന്‍ കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമുണ്ടോ ? കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന നിയമപോരാട്ടത്തിന്റെ സമാനരീതിയില്‍ കേരളവും നീങ്ങണമെന്നാണ് സിപി ഐ മന്ത്രി കെ.രാജന്‍ പറഞ്ഞത്. അത്തരം ഒരു ആര്‍ജ്ജവം കാട്ടാന്‍ എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഹസന്‍ ചോദിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഫണ്ടുകള്‍ വകമാറ്റി നിത്യനിദാന ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ശൈലി. ആര്‍എസ്എസ് അജണ്ട ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ നയം അംഗീകരിച്ചാല്‍ മാത്രമെ ഫണ്ട് അനുവദിക്കുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. പിഎം ശ്രീ പദ്ധതിയിലെ കാവിവത്കരണ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ ഭാവിതലമുറയേയും വിദ്യാഭ്യാസ സമ്പ്രദായത്തേയും തകര്‍ക്കുന്നതാണ്. അത് അംഗീകരിക്കാനാവില്ലെന്നും ഹസന്‍ പറഞ്ഞു.