പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിക്കാന്‍ സിപിഐ; സംസ്ഥാന കൗണ്‍സില്‍ ഇന്ന്, സര്‍ക്കാരിന്റെ അവഗണന ചര്‍ച്ചയാകും

Jaihind News Bureau
Thursday, October 23, 2025

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച തര്‍ക്കം കത്തിനില്‍ക്കെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം ശ്രീ വിഷയത്തില്‍ സി.പി.എം. നിലപാടുകളോട് വിയോജിച്ച് നിലപാട് കടുപ്പിക്കാനാണ് സി.പി.ഐയുടെ തീരുമാനം.

സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണങ്ങള്‍ നല്‍കുമ്പോഴും, പിഎം ശ്രീ പദ്ധതിക്കെതിരായ തങ്ങളുടെ എതിര്‍പ്പില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളിലും പദ്ധതിക്കെതിരായ നിലപാട് ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.

പദ്ധതി സംബന്ധിച്ച സിപിഐയുടെ ആശങ്കകളോട് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്.

സി.പി.ഐയുടെ നിലപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ വേണ്ടത്ര അംഗീകാരം കിട്ടാത്ത സാഹചര്യം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. ഘടകകക്ഷി എന്ന നിലയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന തോന്നല്‍ നേതാക്കള്‍ക്കിടയിലുണ്ട്. ഇതിനുപുറമെ, കൊല്ലത്തും തിരുവനന്തപുരത്തുമുള്ള സി.പി.ഐയിലെ കൊഴിഞ്ഞുപോക്കും ചേരിപ്പോരും ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങളും കൗണ്‍സില്‍ ഗൗരവമായി ചര്‍ച്ച ചെയ്യും.