പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച വ്യോമസേന ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ താല്‍ക്കാലിക ഹെലിപാഡിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത ഉടന്‍ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കിയാണ് മാറ്റിയത്.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലിലായിരുന്നു ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, തിരക്കിട്ട് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണ് തറ താഴാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായി ഒരുക്കിയ സംവിധാനങ്ങളില്‍ ഉണ്ടായ ഈ പിഴവ്, സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ്.
നിശ്ചയിച്ചതിലും നേരത്തെ രാവിലെ 7.30-ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട രാഷ്ട്രപതി, ഹെലികോപ്റ്ററിലാണ് പത്തനംതിട്ടയിലേക്ക് എത്തിയത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയശേഷം അവിടെനിന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോയി. പമ്പയില്‍ കെട്ടുനിറച്ച് പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തും.
സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20-ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ രാഷ്ട്രപതി വിശ്രമിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റ് തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനം ഉണ്ടായിരിക്കില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നല്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. ഒക്ടോബര്‍ 24-നാണ് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങുന്നത്.