Kannur| കണ്ണൂരില്‍ വ്യാജ പരാതിയിലൂടെ വോട്ട് തള്ളാന്‍ സി.പി.എം ശ്രമം: തില്ലങ്കേരി പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്. പ്രതിഷേധ മാര്‍ച്ച്

Jaihind News Bureau
Wednesday, October 22, 2025

വ്യാജ പരാതികള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് യു.ഡി.എഫ് ആരോപണം. തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വോട്ടര്‍മാരെ പുറത്താക്കാന്‍ സി.പി.എമ്മിന് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് യു.ഡി.എഫ്. പ്രതിഷേധം കടുപ്പിച്ചത്.

മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സി. മോഹന്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരില്‍ അദ്ദേഹം അറിയാതെ വ്യാജ പരാതി നല്‍കി 90 വോട്ടര്‍മാരെ ഹിയറിങ്ങിന് വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോഹന്‍ കുമാര്‍ തന്നെ രേഖാമൂലം പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് യു.ഡി.എഫ്. ആരോപിച്ചു.

തുടര്‍ന്ന് യു.ഡി.എഫ്. നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും വോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി. മെമ്പര്‍ രാജീവന്‍ എളയാവൂര്‍ സംസാരിച്ചു. അവസാന ഘട്ടത്തില്‍ 90 വോട്ടര്‍മാരെ നീക്കം ചെയ്യാനാണ് സി.പി.എം. ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു പൗരന്റെ പൗരാവകാശം ലംഘിക്കുന്ന നടപടി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ കര്‍ശനമായ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും രാജീവന്‍ എളയാവൂര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് യു.ഡി.എഫ്. അറിയിച്ചു.